കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പ്രതിനിധികള്‍ ഇല്ല. വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടക്കാത്തതിനാലാണിത്.
ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ രൂക്ഷവിമര്‍ശനമാണുള്ളത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു.
കരുനാഗപ്പള്ളിയിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുത്തു. പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രശ്നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷമായ വിഭാഗീയതയാണ് അരങ്ങേറിയത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരു തവണ നിര്‍ത്തി വെച്ച സമ്മേളനം പുനരാരംഭിച്ചപ്പോള്‍ കൈയ്യാങ്കളിലിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി.
നിരീക്ഷകരായെത്തിയ സംസ്ഥാനസമിതി അംഗങ്ങളായ കെ സോമപ്രസാദ്, കെ രാജഗോപാല്‍ എന്നിവരെ പ്രതിഷേധക്കാര്‍ പൂട്ടിയിടുന്ന സംഭവമുണ്ടായി. ലോക്കല്‍ സെക്രട്ടറിയെ ഏകപക്ഷീയമായി തെരഞ്ഞെടുക്കുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.