സിംഗപ്പൂർ: 18 വയസിൽ ലോക ചാമ്പ്യനായി ഡി ഗുകേഷ്. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചെസ്സിൽ പുതുചരിത്രമെഴുതി നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ പരാജയപ്പെടുത്തി. അവസാനത്തെ ഗെയിമിൽ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ ആയി.
14 ഗെയിമുകളിൽ ആദ്യം പിന്നിലാകുകയും പിന്നീട് സമനിലകള്‍ നിലനിർത്തി പതിനൊന്നാം ഗെയിമില്‍ വിജയിച്ച് ലീഡെടുത്തു. എന്നാല്‍ തൊട്ടടുത്ത കളിയില്‍ തോല്‍വി നേരിട്ടതോടെ 13 ാം ഗെയിമില്‍ വീണ്ടും സമനിലയിലെത്തി.
സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ഗുകേഷിന്റെ വിജയം ചരിത്രമായി. നിര്‍ണായകമായ പതിനാലാം ഗെയിമില്‍ വിജയിച്ചതോടെ ചാമ്പ്യനാകാനുള്ള കൃത്യം 7.5 പോയന്റ് ഗുകേഷ് സ്വന്തമാക്കി. ചൈനയുടെ ലിറന് 6.5 പോയിന്റിൽ തോൽവി സമ്മതിക്കേണ്ടതായി വന്നു.