നടൻ അല്ലു അർജുൻ അറസ്റ്റിൽ. ചരിത്രപരമായ വിജയം നേടി പുഷ്പ മുന്നേറിക്കൊണ്ടിരിക്കെ പുഷ്പ 2 പ്രീമിയർ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട മരിച്ച സംഭവത്തിലാണ് അല്ലു അർജുന്റെ അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചികട്പല്ലി പോലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.
സംഭവത്തിൽ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടന് അല്ലു അര്ജുന് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസ് പരിഗണിക്കുന്നതിന് മുമ്പുതന്നെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ നാലിന് പുഷ്പ 2 പ്രീമിയര്‍ ഷോ നടക്കുന്ന തിയേറ്ററില്‍ അല്ലു അര്ജുന് എത്തിയിരുന്നു. തുടര്‍ന്നുണ്ടായ തിരക്ക് നിയന്ത്രിക്കാൻ അദ്ദേഹത്തിന്റെ സുരക്ഷ ജീവക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. ഇതിൽപ്പെട്ടാണ് രേവതി എന്ന യുവതിക്ക് ജീവന് നഷ്ടമായത്.