കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യാസൂത്രധാരനായ എം.കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയാണ് നാസർ. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.ഒന്‍പത് വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.
നാസറുൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും കോടതി പറഞ്ഞിരുന്നു.2010 ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു കേസിലെ മുഖ്യപ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന ജോസഫിന്റെ കൈപ്പത്തി വെട്ടിയത്.