മലപ്പുറം: തന്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് പി വി അൻവർ എത്തിയാൽ കോൺഗ്രസിനുള്ളിൽ അത് വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കിയേക്കാം. നിലമ്പൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും 2026ലെ തിരഞ്ഞെടുപ്പില്‍ അന്‍വറിന് മത്സരിക്കാനായി കോണ്‍ഗ്രസ് നൽകുമെന്നതിൽ ആർക്കും സംശയമില്ല. തന്റെ തട്ടകമായ നിലമ്പൂര്‍ തന്നെ വേണമെന്ന് അന്‍വര്‍ വാശി പിടിച്ചാൽ അത് കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കും. ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയും മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടന് മുഹമ്മദിന്റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന് ഷൗക്കത്തും നിലമ്പൂർ സീറ്റിൽ പ്രതീക്ഷ പുലർത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് സീറ്റ് നല്‍കിയില്ലെങ്കില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. മലപ്പുറം ഡിസിസിയിൽ ഭൂരിപക്ഷം നേതാക്കളും ആര്യാടൻ ഷൗക്കത്തിന് ഒപ്പമാണ്. ഷൗക്കത്ത് കോൺഗ്രസുമായി ഇടഞ്ഞാൽ അത് പാർട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം സംബന്ധിച്ച് നേതാക്കൾക്ക് ആശങ്കയുണ്ട്. ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിന് മത്സരിച്ച് വിജയിച്ച ഒരു ചരിത്രം ആര്യാടന് മുഹമ്മദിന് ഉള്ളതിനാല്‍ തന്നെ, സീറ്റ് നിഷേധിച്ചാല്‍, ആ വഴിക്ക് മകന് ആര്യാടന് ഷൗക്കത്തും പോകുമെന്ന ചിന്ത ചിലർക്ക് എങ്കിലും ഉണ്ട്. ആര്യാടന് ഷൗക്കത്ത് കോണ്‍ഗ്രസ് വിട്ടാലും അത് ഇടതുപക്ഷത്തിനാണ് ഫലത്തില്‍ ഗുണം ചെയ്യുക.
ആര്യാടന് ഷൗക്കത്ത് വിഭാഗം കോണ്‍ഗ്രസ് വിട്ടാല്‍ വള്ളിക്കുന്ന്, കോട്ടയ്ക്കല്‍, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ മുസ്ലീം ലീഗിനും വണ്ടൂരില്‍ കോണ്‍ഗ്രസിനും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. മലപ്പുറത്ത് നിലവില്‍ മുന്‍ മന്ത്രി എ.പി അനില്‍ കുമാറാണ് കെ.സി വേണുഗോപാലിന്റെ വലംകൈ ആയി പാര്‍ട്ടിയില്‍ ഇടപെടല്‍ നടത്തി വരുന്നത്. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായാണ് ഏറെ അടുപ്പുമുള്ളത്. ജോയിയും അനില്‍കുമാറും മലപ്പുറത്തെ കോണ്‍ഗ്രസിനെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ വിമത സ്വരം ഉയർത്തുന്നത് ആര്യാടൻ ഷൗക്കത്ത് മാത്രമാണ്. ഏറെക്കാലമായി മലപ്പുറത്ത് ചേരി തിരിഞ്ഞുള്ള തർക്കങ്ങളും വിഭാഗീയതയും കോൺഗ്രസിനുള്ളിൽ ശക്തമാണ്. അൻവറിനെ അവതരിപ്പിക്കുമ്പോൾ അതിന്റെ ഒട്ടേറെ ഗുണങ്ങൾ കോൺഗ്രസ് കാണുന്നുണ്ടെങ്കിലും അത്രകണ്ട് പ്രത്യാഘാതങ്ങളും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. അൻവർ കോൺഗ്രസിനുള്ളിൽ നിൽക്കുന്ന കാലത്ത് കടുത്ത ഐ ഗ്രൂപ്പുകാരൻ ആയിരുന്നു. പാർട്ടി വിട്ടപ്പോഴും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. പഴയ ഐ ഗ്രൂപ്പുകാരനായ അന്‍വറിനോട് കെ മുരളീധരനും പ്രത്യേക താല്‍പ്പര്യമുണ്ട്. അന്‍വര്‍ കോണ്‍ഗ്രസ്സില്‍ എത്തിയാല്‍ ഈ വിഭാഗത്തിനാണ് കരുത്ത് കൂടുക. അപ്പോഴും അൻവർ കോൺഗ്രസിലേക്ക് എത്തുന്നതിൽ വിമുഖത കാട്ടുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പോലെയുള്ള ചിലരാണ്. സതീശന്റെ വിമുഖതയും ഇപ്പോൾ അദ്ദേഹത്തിന് കോൺഗ്രസിൽ ഉള്ള സ്വാധീനവും അത്രകണ്ട് ചെറുതും അല്ല. അൻവറിന്റെ കോൺഗ്രസ് പ്രവേശനത്തിന് എതിരായി ഷൗക്കത്തിനൊപ്പം സതീശനും സംയുക്തമായി നീങ്ങുവാനുള്ള സാധ്യതകളുമുണ്ട് തള്ളിക്കളയുവാൻ ആകില്ല.