ഡിസംബർ മാസം തുടങ്ങി 15 ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് വിവിധ വാഹന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുപതിലേറെയാണ്. മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ച കൊണ്ട് ഉണ്ടായത്. അതില്‍ ഒടുവിലത്തേതാണു പത്തനംതിട്ട മുറിഞ്ഞകല്ല് ജംങ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരണപ്പെട്ടത്. ഡിസംബര്‍ ആരംഭിച്ചത് ആലപ്പുഴ കളര്‍കോട് ജങ്ഷനില്‍ ഉണ്ടായ വാഹനാപടത്തില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്ന നടുക്കത്തോടെയാണ്. എല്ലാവരും ഒന്നാം വർഷ വിദ്യാർത്ഥികൾ ആയിരുന്നു. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ ചേര്‍ന്നു സിനിമ കാണാന്‍ പുറപ്പെട്ട യാത്ര ദുരന്തയാത്രയാവുകയായിരുന്നു. 11 പേരുമായി സഞ്ചരിച്ച കാര്‍ കെ.എസ്.ആര്.ടി.സി ബസിലേക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ തക്ഷണം മരണപ്പെടുകയായിരുന്നു. ആലപ്പുഴ എടത്വ സ്വദേശി ആല്ബിന് ജോര്‍ജ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്നു ദിവസം മുന്‍പാണ് പാലക്കാട് കല്ലടിക്കോടില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ലോറി ഇടിച്ചു കയറി നാല് വിദ്യാര്‍ഥികള്‍ മരണപ്പെട്ടത്. സംഭവസ്ഥലത്തു വച്ചു തന്നെ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് പത്തനംതിട്ടയിലെ അതിദാരുണമായ അപകടം. മുറിഞ്ഞകല്ല് ജങ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍ വച്ചുണ്ടായ അപകടത്തില്‍ മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികള്‍ അടക്കമുള്ളവരാണ് മരിച്ചത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് നവദമ്പതികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്നതിനിടയിലുണ്ടായ അപകടത്തില്‍ അനുവിന്റെ പിതാവ് ബിജുവും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അടക്കമുള്ളവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാർ പൂർണമായും തകരുകയും കാറിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും മരണത്തിന് അപകടം കാരണമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര് മരിച്ചിരുന്നു. ഡിസംബര്‍ 13ന് കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവറായ വടുതല സ്വദേശി ജോണി മരണപ്പെട്ടിരുന്നു. ബുധനാഴ്ച കൊരട്ടൂരില്‍ ബൈക്ക് വാനുമായി കൂട്ടിയിടിച്ച് 33കാരന് മരണപ്പെട്ടിരുന്നു. പാലക്കാട് ചിറ്റൂരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേട്ടുപ്പാളയം സ്വദേശി മരിച്ചിരുന്നു. കാസര്‍ഗോഡ് ബന്തിയോട് ഉണ്ടായ അപകടത്തില്‍ ബി.ജെ.പി. കുമ്പള മണ്ഡലം സെക്രട്ടറി ധന്‍രാജ് മരണപ്പെട്ടതും അതേദിവസമാണ്. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് കൊടുവള്ളിയില്‍ ഉണ്ടായ അപകടത്തില്‍ പ്രമുഖ ടിമ്പര്‍ വ്യാപാരിയും മരണപ്പെട്ടിരുന്നു. മരണം സംഭവിച്ചില്ലെങ്കിലും ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ തുടരുന്നവരും നിരവധിയാണ്. ഡ്രൈവർമാരുടെ അശ്രദ്ധയും ലഹരി ഉപയോഗവും റോഡുകളുടെ നിർമ്മാണത്തിലെ പാളിച്ചകളുമെല്ലാം അപകടങ്ങൾക്ക് കാരണമായി മാറുന്നുണ്ട്.