പി ആർ ഗിമ്മിക്കുകൾ കൊണ്ട് മുഖം മിനുക്കുന്ന ഒട്ടേറെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉണ്ട്. അവർക്കിടയിൽ പിആർ കൊണ്ടും മാത്രം ജീവിക്കുന്ന ഗണേഷ് കുമാർ മന്ത്രി വ്യത്യസ്തനാണ്. താൻ എവിടേക്ക് പോകുമ്പോഴും യൂട്യൂബ് ചാനലുകാരെ എങ്കിലും മന്ത്രി കൂടെ കൂട്ടാറുണ്ട്. ശരിക്കും ഈ കാലത്തൊന്നും തുടങ്ങിയതുമല്ല. തന്റെ അച്ഛന്റെ വഴിയെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളാണ് ഗണേഷ് കുമാർ. അച്ഛൻ പോലും പലയാവർത്തി തള്ളിപ്പറയുപ്പോഴും തന്റെ ഗിമ്മിക്കുകൾ കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് പത്തനാപുരത്തെ സേഫ് മണ്ഡലമാക്കി നിലനിർത്തുവാൻ ഗണേഷിന് കഴിഞ്ഞിട്ടുണ്ട്.
യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും ഗണേഷ് കുമാർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിട്ടുണ്ട്. മുന്നണികൾ മാറി മത്സരിച്ചിട്ടും മണ്ഡലം ഒരിക്കൽപോലും അദ്ദേഹത്തെ കൈവിട്ടിട്ടില്ല. അത്രമേൽ ജനകീയത അദ്ദേഹത്തിനുണ്ടെന്ന് പുറമേ നോക്കുന്ന ആർക്കും തോന്നും. എന്നാൽ ഇതൊക്കെ രീതിയിൽ പിആർ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താൻ പറ്റും, ആ രീതി ഒക്കെ ഗണേശൻ മന്ത്രിയുടെ കൈയിലുണ്ട്.
പല ഘട്ടങ്ങളിലും പാർട്ടിയെയും മുന്നണിയെയും പോലും പ്രതിസന്ധിയിലാക്കി വൺമാൻഷോ ഗണേഷനിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഗതാഗത മന്ത്രി ആയതിന് ശേഷം ഇലക്ട്രിക് സിറ്റി ബസ് സര്‍വീസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം ബൂമറാംഗായിരുന്നു. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് അന്ന് ഉയർന്നത്.
വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലായിരുന്നു. സർക്കാരിനോടോ സിപിഎമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിരുന്നു. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു വിഷയത്തിലെ എം വി ഗോവിന്ദന്റെ പ്രതികരണം. ഗതാഗത മന്ത്രിക്കുള്ള താക്കീതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്ന വിലയിരുത്തലുകളും അന്ന് ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടും ഒരു നീണ്ട ഇടവേളക്കുശേഷം ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി വരുമ്പോൾ എന്തെല്ലാം കാട്ടിക്കൂട്ടുമെന്ന് കാണേണ്ടത് തന്നെയാണ്. കെ.എസ്.ആര്.ടി.സിയുടെ പുതിയ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഗണേഷ് കുമാര്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഒരുകാലത്ത് കൗതുക വാര്‍ത്തയായിരുന്നു. അല്ലെങ്കിൽ അത്തരത്തിൽ കൗതുക വാർത്ത ആക്കിയിരുന്നു.
ഇപ്പോൾ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുമ്പോൾ കെഎസ്ആർടിസി കുത്തഴിഞ്ഞ നിലയിലാണ്. ശമ്പളം പോലും കൃത്യസമയത്ത് ലഭിക്കാതെ തൊഴിലാളികൾ ബുദ്ധിമുട്ട് നേരിടുമ്പോൾ മന്ത്രി കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് പടം പിടിക്കുന്ന തിരക്കിലാണ്. തൊഴിലാളികൾ ഇപ്പോഴും കെഎസ്ആർടിസിയിൽ സമരത്തിൽ തന്നെയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനകൾക്കും മാനേജ്മെന്റിന്റെയും സർക്കാരിന്റെയും സമീപനത്തിൽ വിരുദ്ധ അഭിപ്രായങ്ങൾ ആണുള്ളത്. കെഎസ്ആർടിസിയിലെയും ഗതാഗത വകുപ്പിലെയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ മാർഗ്ഗമുണ്ടോയെന്ന് ചോദിക്കുന്നവരോട് നാളത്തേക്ക് റീൽ എടുക്കാൻ കണ്ടന്റ് ഉണ്ടോ എന്ന് ചോദിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രവർത്തനങ്ങൾ. പഴയപോലെ പഞ്ച് ഡയലോഗുകൾക്കും ചുറ്റും മാധ്യമങ്ങളെ നിരത്തി നിർത്തിയുള്ള ഷോകൾക്കും സ്വീകാര്യത ലഭിക്കുന്നതേയില്ല. ഗതാഗത മന്ത്രി പിആർ വർക്കിലെ ഗിയർ ഒന്ന് മാറ്റി പിടിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു.