അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് ക്യാമ്പില്‍വെച്ച് ഹവില്‍ദാര്‍ വിനീത് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു. വിനീതിന്റെ അച്ഛന്, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, സുഹൃത്ത് എന്നിവരുടെ മൊഴിയാണ് എടുത്തത്. വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടില്‍ അന്വേഷണ സംഘം നേരിട്ടെത്തിയാണ് മൊഴിയെടുത്തത്.
വിനീത് ആത്മഹത്യ ചെയ്തതിന് പിന്നില്‍ അസി. കമാന്‍ഡന്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരന് ബിപിന്‍ രംഗത്ത് എത്തിയിരുന്നു. സുഹൃത്ത് മരിച്ചതിലെ വീഴ്ച്ച വിനീത് കുമാര്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കിയെന്ന് മൊഴിയില്‍ പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതും വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം.