ഇരുപത് വർഷം മുമ്പ്, 2004 ഡിസംബർ 26 ന് ഇന്തോനേഷ്യയുടെ കടൽത്തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്തോനേഷ്യയിലെ സുമാത്രയുടെ തീരത്ത് നിന്ന് ഏകദേശം 241 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതുവരെ പരിചിതമല്ലാതിരുന്ന സുനാമി എന്ന പേരിന് ജനനശ്രദ്ധ ലഭിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്.
ഏഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ, 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തിന്റെ ഫലമായി സമുദ്രങ്ങൾ പൊട്ടിത്തെറിച്ചു. വലിയ തിരമാലകൾ സമുദ്രം വിട്ടുവന്ന് ജനവാസ മേഖലകളിലേക്ക് ആഞ്ഞടിച്ചു കയറി. തായ്ലൻഡിലെ തീരദേശങ്ങളിലേക്കും ഇന്തോനേഷ്യയിലെ ആഷെ പ്രദേശത്തേക്കും, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും, ഇന്ത്യയുടേയും ശ്രീലങ്കയുടെയും തീരപ്രദേശങ്ങളിലേക്കും എത്തിയ കൂറ്റൻ തിരമാലകൾ 2,30,000-ത്തിലധികം ആളുകളുടെ ജീവൻ കവർന്നു.
ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ വെള്ളപ്പൊക്കമുണ്ടാക്കി. ഇത് സമീപകാലത്തെ ഏറ്റവും മോശമായ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറി. സുനാമിയെ പറ്റിയുള്ള ശരിയായ അറിവില്ലായ്മയും കൃത്യമായ മുന്നറിയിപ്പ് സംവിധാനത്തിൻ്റെ അഭാവവും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
കടലിനടിയിൽ ഭൂകമ്പം ഉണ്ടായി 20 മിനിറ്റിനുള്ളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിച്ച സുനാമി തമിഴ് നാട്, ആന്ധ്ര, കേരള തീരത്തേക്കും ശ്രീലങ്കയിലേക്കും 1,200 കിലോമീറ്റർ സഞ്ചരിച്ച് രണ്ട് മണിക്കൂറിനുള്ളിൽ എത്തി.
തമിഴ്നാട് തീരത്ത്, ചെന്നൈയിൽ മറീന ബീച്ച് തകർന്നു . കന്യാകുമാരി, വേളാങ്കണ്ണി എന്നിവിടങ്ങളിലും സുനാമി തിരകൾ നാശം വിതച്ചു. കേരളത്തിൽ കൊല്ലം, കൊച്ചി, ആലുവ ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. ആന്ധ്രാപ്രദേശിലെ നിരവധി ഗ്രാമങ്ങൾ നശിച്ചു. ശ്രീലങ്ക, ഇന്തോനേഷ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേരള, തമിഴ്നാട് തീരങ്ങളിൽ കടൽഭിത്തിയുടെ സാന്നിധ്യം തിരമാലകളുടെ ആഘാതം കുറച്ചു.
സുനാമി ഇന്ത്യയെ അതീവ ജാഗ്രതയിലാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം, സാമ്പത്തിക നാശനഷ്ടങ്ങൾ, പകർച്ച വ്യാധികൾ എന്നിവ രാജ്യത്തെ അലട്ടി. സുനാമി രക്ഷാപ്രവർത്തനം മനുഷ്യചരിത്രത്തിലെ ഏറ്റവും ചെലവേറിയതായിരിക്കുമെന്ന് യുഎൻ അഭിപ്രായപ്പെട്ടു. എങ്കിലും നമ്മൾ അതിജീവിച്ചു.