തിരുവനന്തപുരം: മുദ്രാ ലോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം തട്ടിയെടുത്ത യുവതി പിടിയിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പലരിൽ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിൾ പേ വഴി ഇവർ 4,69,000 രൂപ കൈപ്പറ്റിയത്. ലോൺ ലഭിക്കാതെയായതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽഭവനിൽ സനിത (31)യെയാണ് കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.