തൃശ്ശൂർ : തൃശ്ശൂരിൽ പള്ളിയിൽ കരോൾ വിലക്കിയ സംഭവത്തിൽ ചാവക്കാട് എസ്ഐ വിജിത്തിന് ക്ലീൻ ചിറ്റ്. തൃശ്ശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോൾ തടഞ്ഞ എസ്ഐയുടെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് .
കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പള്ളി മുറ്റത്ത് കരോൾ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് നൽകിയത്. കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പള്ളി അധികൃതർ പറഞ്ഞു.
എസ് ഐ യെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പള്ളി അധികൃതർ വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായിട്ടാണ് പള്ളിയിയിൽ കരോൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് മുമ്പായിരുന്നു സംഭവങ്ങൾ ഉണ്ടായത്.
വിഷയത്തിൽ എസ്ഐയ്ക്കെതിരെ നടപടി വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് ഈ ആവശ്യം തള്ളി. വിജിത്തിന് അനുകൂലമായ റിപ്പോർട്ടാണ് ഇപ്പോൾ പൊലീസ് സമർപ്പിച്ചിരിക്കുന്നത്. നിയമപരമായി വിജിത്ത് ചെയ്തത് ശരിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്