പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാർ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവർ പ്രതികരിച്ചു. അതേസമയം കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കും വരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികൾ എന്ന് കണ്ടെത്തിയവരിൽ മുൻ എം.എല്‍.എ കെ.വി. കുഞ്ഞിരാമൻ ഉള്‍പ്പെടെ ആറു പേർ സി.പി.എമ്മിന്റെ പ്രധാന പ്രവർത്തകരാണ്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി.
കേസിലെ 24 പ്രതികളില്‍ 14 പേർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ ഉള്‍പ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാർട്ടി പ്രവർത്തകരാണ്.കൊച്ചി സി.ബി.ഐ കോടതിയാണ് കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.