വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. വയനാടിനും അപ്പുറത്തേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും കണ്ണീരും അതിലേറെ സഹായഹസ്തങ്ങളും അവിടുത്തെ ജനതയ്ക്ക് ലഭിക്കുകയുണ്ടായി. ദുരന്തത്തിനെ അതിജീവിച്ച ജനതയ്ക്ക് മുമ്പിലുള്ള വലിയ ചോദ്യമായിരുന്നു പുനരധിവാസമെന്നത്.
മാസങ്ങൾക്കിപ്പുറം പുനരധിവാസത്തെപ്പറ്റി ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുകയാണ്. 750 കോടി രൂപ മുടക്കി ദുരന്ത മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കും എന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതലയെന്നതാണ് പ്രഖ്യാപനത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. നിർമാണത്തിന്റെ മേൽനോട്ടം കിഫ്ബിയുടെ നേതൃത്വത്തിലുള്ള കിഫ്കോൺ എന്ന ഏജൻസിക്കായിരിക്കും.
പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് നിർമാണത്തിന്റെ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഏൽപ്പിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുമ്പോൾ വീണ്ടും ഇഷ്ടക്കാർക്ക് തന്നെ കരാർ നൽകിയെന്ന വിമർശനമാണ് വ്യാപകമായി ഉയരുന്നത്. ഇപ്പോള്‍തന്നെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നിര്‍മാണം, നടത്തിപ്പ് എന്നിവ ഊരാളുങ്കലിനാണ്.
ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്‍സികളെ പരിഗണിക്കേണ്ടതില്ലേയെന്ന അഭിപ്രായം കൂടി ഉയരുമ്പോഴാണ് ഊരാളുങ്കലിന് പദ്ധതി സർക്കാർ നൽകുന്നത്. വയനാട് പുനരധിവാസം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുമ്പോൾ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ മൗനാനുവാദം നൽകുന്നുവെന്ന ചർച്ചകളും സജീവമാണ്. ഊരാളുങ്കൽ എല്ലാ രാഷ്ട്രീയക്കാരെയും ട്രീറ്റ് ചെയ്യുന്നുണ്ടോയെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
750 കോടിയുടെ ഒരു ബൃഹത്തായ പദ്ധതി യാതൊരു മാനദണ്ഡവുമില്ലാതെ ഊരാളുങ്കലിനെ ഏൽപ്പിക്കാൻ തീരുമാനിച്ചുവെന്ന് പറയുമ്പോൾ ആർക്കും അതിൽ ഒരു അസ്വാഭാവികതയും തോന്നുന്നില്ലെയെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ തെറ്റുപറയുവാൻ കഴിയില്ല. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ യാതൊരുവിധ അപശബ്ദവും ഒരു കോണിൽ നിന്നും ഉയരുന്നില്ല. ഇത്തരത്തിലുള്ള ഒരു ബൃഹത്തായ പദ്ധതി ഈ രീതിയിൽ ഭരിക്കുന്ന പാർട്ടിയുമായി അടുപ്പമുള്ള ഒരു സംവിധാനത്തെ ഏൽപ്പിക്കുന്നത് പലതരത്തിൽ ആശങ്കാജനകമാണ്.
സുതാര്യമായ നിർമ്മാണങ്ങളും പ്രവർത്തനങ്ങളും നടക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഒരു കലുങ്കിന്റെ നിർമാണത്തിന് പോലും ടെൻഡർ, എസ്റ്റിമേറ്റ് തുടങ്ങി ഒട്ടേറെ കടമ്പകൾ ഉണ്ടെന്നിരിക്കെ ഇത്തരത്തിലുള്ള തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷവുമെല്ലാം പേരിനെങ്കിലും ഒരക്ഷരം പോലും മിണ്ടാത്തതെന്ന സംശയം വസ്തുതാപരമാണ്.
ഏതായാലും പദ്ധതിയുമായി മുന്നോട്ടുപോകുന്ന സർക്കാരിന് ജനങ്ങളുടെ ആശങ്ക അകറ്റുക എന്ന ഉത്തരവാദിത്വവും ഉണ്ട്. അതേസമയം, നൂറു വീടുകൾ വാഗ്ദാനം ചെയ്തിട്ടുള്ളത് കര്‍ണാടക, തെലുങ്കാന സര്‍ക്കാരുകളും പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുമാണ്. അവരുടെ അഭിപ്രാവും ചില ഘട്ടങ്ങളിൽ കണക്കിലെടുക്കേണ്ടി വരും. രണ്ടിടങ്ങളിലാണ് ടൗൺഷിപ്പുകൾ നിർമ്മിക്കുന്നത്.
കല്‍പ്പറ്റയില്‍ ടൗണിന് സമീപമുള്ള ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്ക്വയര്‍ ഫീറ്റ് വീടുകൾ നിര്‍മിക്കും. കൂടാതെ നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുകൂലമായ രീതിയിലുള്ള നിര്‍മാണമാകും നടത്തുക. ഇവിടെ പത്തു സെന്റില്‍ 1000 ചതുരശ്രഅടി വീടുകള്‍ നിര്‍മിക്കും. ടൗൺഷിപ്പുകളിൽ വീടുകൾക്ക് പുറമെ മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണണവാടി,കുടിവെള്ളം,വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തും.