ന്യൂഡൽഹി: തൊഴിൽ രഹിതർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘പിഗ് ബുച്ചറിങ് സ്കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) തട്ടിപ്പിനെതിരെ ജാഗ്രതയുള്ളവരാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പണം തട്ടിയെടുക്കുന്നതിന് മുന്നോടിയായി അവരുമായി വളരെ അടുത്ത ബന്ധം വളർത്തിയെടുക്കും.
പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ‘പിഗ് ബുച്ചറിങ് സ്കാം’ എന്ന പേരുവന്നത്. വന്‍തുകയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നത്.
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകാര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയെയാണെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ (14 സി) ഗൂഗിളുമായി സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടിയുറപ്പാക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്.