കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ വിധി വന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് ശരത്ലാൽ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ച് എറണാകുളം സിബിഐ പ്രത്യേക കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം. മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ അടക്കം നാല് സി പി എം നേതാക്കൾക്ക് 5 വർഷം തടവ് അഡിഷണൽ സെഷൻസ് ജഡ്ജി എൻ ശേഷാദ്രി നാഥൻ ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. വിധിയിൽ തൃപ്തരല്ലെന്ന് കുടുംബത്തിന്റെ പ്രതികരണം.
ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയും അടക്കം ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് ചൂണ്ടിക്കാട്ടി പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പലസാക്ഷി മൊഴികളിലും വൈരുധ്യം ഉണ്ടെന്നും പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്നും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
2019 ഫെബ്രുവരി 17 നാണ് കാസർകോട് പെരിയക്ക് സമീപം സിപിഎം പ്രവർത്തകർ കല്ല്യോട്ട് വെച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ ചെയ്ത 24 പേരിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. മതിയായ തെളിവുകളുടെ അഭാവത്തിൽ 10 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.