കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പിക്കുരുവിന്റെ വിലയിൽ വൻവർദ്ധനവ്. റോബസ്റ്റ പരിപ്പിന് കിലോ 400 രൂപയും തൊണ്ടോടുകൂടിയതിന് 240 രൂപയുമാണ് വില. രണ്ട് വര്‍ഷത്തിനിടെ കാപ്പിപ്പരിപ്പിന് വില ഇരട്ടിയിലധികം വര്‍ധിച്ചു. 2022ല്‍ 200 രൂപയില്‍ താഴെയായിരുന്നു. നിലവില്‍ തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നു. അറബിക്ക പരിപ്പിന് 430 രൂപയും തൊണ്ടോട് കൂടിയതിന് 250 രൂപയുമാണ് വില.
ഫെബ്രുവരി മുതല്‍ അറബിക്ക വിളവെടുപ്പ് തുടങ്ങും. ഉത്പാദനം കുത്തനെ ഇടിഞ്ഞതും കയറ്റുമതി വര്‍ധിച്ചതുമാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണം. വിപണിയില്‍ കാപ്പിപ്പൊടി വില 650 രൂപയായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്പാദനത്തില്‍ 50 ശതമാനത്തിലേറെ കുറവാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാപ്പിക്കുരു വില അഭൂതപൂര്‍വമായി മുന്നേറുന്നത്. മുമ്പ് ഉത്പാദനച്ചെലവിനുള്ള വരുമാനംപോലും കാപ്പിക്കൃഷിയില്‍ നിന്ന് ലഭിച്ചിരുന്നില്ല.