വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം അന്വേഷിക്കുന്നതിനായി കെപിസിസി ചുമതലപ്പെടുത്തിയ സമിതി ഇന്ന് കൽപ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങൾ സന്ദർശനം നടത്തും.
കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ മുൻ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതി അംഗങ്ങൾ.
ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നൽകിയത്.