ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ ഹണി റോസിന് പിന്തുണയുമായി ഫെഫ്ക. ഹണി റോസ് തുടങ്ങിവെച്ച ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നതായും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് ഇത് കാണുന്നതെന്നും ഫെഫ്ക വ്യക്തമാക്കി.
‘ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ’ എന്ന് ഫേസ്ബുക്കിലൂടെ ഫെഫ്ക അറിയിച്ചു.
നടിയുടെ പരാതിയിൽ ബുധനാഴ്ച രാവിലെ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്നും നടപടി എടുത്തതിൽ മുഖ്യമന്ത്രിയോട് നടി നന്ദിയും രേഖപ്പെടുത്തി.