വാഷിംഗ്ടൺ: കാലിഫോർണിയിലെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ വിതച്ചത് വൻ നാശനഷ്ടങ്ങൾ. നരകത്തെക്കുറിച്ചുള്ള പുരാതന ഭാവനകളെല്ലാം അതേ പടി പകർത്തിവച്ചത് പോലെയാണ് ലോസ് ആഞ്ചലസിൽ നിന്നുള്ള കാഴ്ചകൾ. വീടുകളെയും കെട്ടിടങ്ങളെയും പാടെ നശിപ്പിച്ചാണ് ആളിക്കത്തിയ തീ, മുന്നോട്ട് നീങ്ങിയത്.
തീ നിയന്ത്രണ വിധേയമാക്കാനുള്ള എല്ലാ വിധ ശ്രമങ്ങളും തോൽപ്പിച്ചുകൊണ്ട് ശക്തമായ വരണ്ട കാറ്റ് ആഞ്ഞുവീശിയതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കാട്ടുതീയിൽ ഇത് വരെ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തി നശിച്ചു. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ പ്രസിഡന്റ് ബൈഡൻ, കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചത്.