മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണ് മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.