സിപിഎം നേതാവ് ഇ പി ജയരാജിന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്ക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
ഇ പി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ എഡിജിപി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പുതിയ പരാതി വേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നുമാണ് എഡിജിപി നിർദ്ദേശിച്ചത്.വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റൽ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ഐ.ടി ആക്ടും ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുണ്ട് .