ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയല്‍വാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. സഹോദരിയെ കുറിച്ച് ജിതിന് മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയന്റെ മൊഴി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.
ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. ഇവരെ കൂടാതെ രണ്ട് പെണ്‍കുട്ടികളും വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് പരിക്കില്ല. പ്രതിയായ റിതുവിനെതിരെ സമീപവാസികള്‍ക്കെല്ലാം പരാതിയുണ്ട്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.
കൊല്ലപ്പെട്ട കുടുംബം ഉള്‍പ്പെടെ പലരും റിതുവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ നോര്‍ത്ത് പറവൂര്‍ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലാണ്. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ട്.