ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിറ്റാണ്ടുകളുടെ ഭരണത്തെ അട്ടിമറിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിന്റെ ഇടനാഴികളിലേക്ക് കയറിവന്നത് അത്ര എളുപ്പമൊന്നും ആയിരുന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു മമത ബാനർജി തൃണമൂൽ കോൺഗ്രസ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചത്. 184 സീറ്റുകൾ നേടി തൃണമൂൽ ഭരണം പിടിച്ചു. സിപിഎം മുന്നണി കേവലം 40 സീറ്റുകളിലേക്ക് ഒതുങ്ങി. കോൺഗ്രസിന് ആ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ കിട്ടി. അതായത് രണ്ട് അധിക സീറ്റുകളുടെ പിൻബലത്തിൽ പ്രധാന പ്രതിപക്ഷ പാർടിയായി കോൺഗ്രസ് മാറി. ഇടത് സഖ്യം ബംഗാളിൽ മൂന്നാം കക്ഷിയായി.
കാൽ നൂറ്റാണ്ട് കാലം ബുദ്ധദേബിനെ വിജയിപ്പിച്ച കൊൽക്കൊത്തയിലെ ജാദവ്പൂർ മണ്ഡലം തൃണമുലിൻറെ മനീഷ് ഗുപ്തയെ തെരഞ്ഞെടുത്തു. അന്ന് മുഖ്യമന്ത്രി തന്നെ തോറ്റിരുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള സലിം ഗ്രൂപ്പ് ബംഗാളിൽ ഒരു കെമിക്കൽ ഹബ് തുടങ്ങാനുള്ള പദ്ധതിയുമായി രംഗത്തെത്തുന്നതോടെയാണ് അവിടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതൊരു മികച്ച രാഷ്ട്രീയ അവസരമാണ് എന്ന് തിരിച്ചറിഞ്ഞ മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും പ്രതിഷേധക്കാർക്ക് പിന്തുണയുമായി സജീവമായി. മാവോയിസ്റ്റുകളുടെ നുഴഞ്ഞു കയറ്റവുമുണ്ടായതോടെ പ്രതിഷേധം സംഘർഷമായി മാറി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 2007 മാർച്ച് 14ന് 14 പേർ നന്ദീഗ്രാമിൽ കൊല്ലപ്പെട്ടു. ബംഗാളും ഇന്ത്യയും ഞെട്ടി. ഇതോടെ സിപിഎമ്മിനോട് കർഷകർക്കുണ്ടായിരുന്ന കൂറ് നഷ്ടപ്പെട്ടു. ജനം പാർടിയെ ഉപേക്ഷിച്ചു. ഉപേക്ഷിച്ചവർക്ക് തൃണമൂൽ അഭയവും സുരക്ഷയുമായി. ബംഗാൾ കലാപ ഭൂമിയായി.
ഇതേസമയം ഹൂഗ്ലി ജില്ലയിലെ സിങ്കൂരിൽ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. നാനോ കാർ നിർമ്മിക്കാൻ ടാറ്റാ ഗ്രൂപ്പിനായി സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരേയും കലാപം പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ പദ്ധതിയിൽ നിന്നും ടാറ്റാ ഗ്രൂപ്പ് പിൻവാങ്ങി. ഇവിടെയും രാഷ്ട്രീയ നേട്ടം മമതാ ബാനർജിക്ക് തന്നെയായിരുന്നു. സിങ്കൂരിലെ ഭൂമിയെറ്റെടുക്കലിനെതിരെ 26 ദിവസമാണ് മമതാ ബാനർജി നിരാഹാരം കിടന്നത്. തൃണമുൽ ആഹ്വാനം ചെയ്ത ബന്ദ് ബംഗാളിൽ വൻ വിജയമായി. അതൊരു തുടക്കമായിരുന്നു. ഇടതു സർക്കാർ കർഷക വിരുദ്ധവും ജനവിരുദ്ധവുമായി എന്ന പ്രചാരണം ശക്തിപ്പെട്ടു. ഇതുപോലൊരു അട്ടിമറി കേരളത്തിലും സാധ്യമായാൽ അതിശയപ്പെടാനില്ല. മമതയുടെ അൻവറിലൂടെയുള്ള എൻട്രിയിലൂടെ അത് സാധ്യമായാലും അത്ഭുതപ്പെടാനുമില്ല. ഒരുപക്ഷേ അത്തരം ഒരു മുന്നേറ്റം മുന്നിൽ കണ്ടുകൊണ്ടാകും വന നിയമ ഭേദഗതിയിൽ സർക്കാർ പിന്നോട്ട് പോയത്. പാലക്കാട്ടെ ബ്രൂവറി അനുമതിയും വലിയ വിവാദങ്ങൾ ഇപ്പോൾ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിവാദങ്ങൾ പ്രക്ഷോഭങ്ങളിലേക്ക് കടന്നാൽ അതിന്റെ നേതൃനിരയിലേക്ക് അൻവർ എത്തുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള അനുമതിയാണ് മദ്യ ഉത്പാദനശാലയ്ക്ക് മന്ത്രിസഭായോഗം നൽകിയത്.
ബ്രൂവറി നടത്തിപ്പുകാരായ ഓയാസിസ് കമ്പനി ഉടമകൾ ഡൽഹി മദ്യ അഴിമതിയിൽ ഉൾപ്പെട്ടവരാണ്. കമ്പനി ഉടമ ഗൗതം മൽഹോത്ര ഡൽഹി മദ്യ അഴിമതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഒരു പ്രദേശം മുഴുവൻ മലിനമാക്കിയതിന് കമ്പനിക്കെതിരേ പഞ്ചാബിൽ കേസുണ്ട്.നാലു കിലോമീറ്ററോളം പ്രദേശത്താണ് കമ്പനി മലിനീകരണമുണ്ടായത്. വ്യാവസായിക മാലിന്യം കുഴൽ കിണർ വഴി പുറന്തള്ളി. ഇത് വലിയ ജലമലിനീകരണത്തിന് കാരണമായിട്ടുണ്ട്. ഇത്രയേറെ മോശം പശ്ചാത്തലം ഉള്ള ഒരു കമ്പിനിക്ക് തിടുക്കത്തിൽ അനുമതി നൽകിയതിൽ അഴിമതി സാധ്യതകളും വലിയതോതിൽ ചർച്ച ചെയ്യുന്നുണ്ട്. കേരള തമിഴ്നാട് അതിർത്തിയിലുള്ള എലപ്പുള്ളി പഞ്ചായത്തിലാണ് ബ്രൂവറി വരാനിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി പോലും അറിയാതെയാണ് സർക്കാർ കാര്യങ്ങൾ നീക്കിയത്. അൻവറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിന് മമത കേരളത്തിൽ എത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മദ്യ ഉത്പാദനശാലയുമായി ബന്ധപ്പെട്ട വിഷയം തൃണമൂൽ കോൺഗ്രസ് ഏറ്റെടുത്താൽ ആ സമരമുഖത്തേക്ക് മമതയും എത്തുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെ മമത സമരത്തിന്റെ നേതൃനിരയിലേക്ക് വന്നാൽ അത് തീർച്ചയായും ചരിത്രത്തിൽ ഇടം പിടിക്കുക തന്നെ ചെയ്യും.
സ്വാഭാവികമായി തന്നെ കേരളത്തിൽ മമതയുടെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്ന പിന്തുടരുന്ന നിരവധി ആളുകൾ ഉണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷനിരയെ മമത നയിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം ചെറുതല്ല. മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എതിരായ ഒറ്റയാൾ പോരാട്ടത്തിലൂടെ അൻവറിനും കേരളമാകെ തരംഗം സൃഷ്ടിക്കുവാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. പാലക്കാട്ടെ ബ്രൂവറി അനുമതി ആ പ്രദേശത്തെ കർഷകരെയും സാധാരണക്കാരെയും ആഴത്തിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ജനകീയ പ്രക്ഷോഭം ഉയർന്നുവരിക തന്നെ ചെയ്യും. ആ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് തൃണമൂലും മമതയും അൻവറും വരുന്നതോടെ കേരള രാഷ്ട്രീയത്തിലേക്കുള്ള അവരുടെ മാസ്സ് എൻട്രിയായി അത് മാറുകയും ചെയ്യും. ബംഗാളിൽ ദീർഘനാളത്തെ സിപിഎം ഭരണം താഴെ വീണത് നന്ദിഗ്രാമിലെയും സിങ്കൂരിലെയും അതിജീവന പോരാട്ടങ്ങളിലൂടെ ആയിരുന്നു. കേരളവും സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ അതിജീവനത്തിന്റെ പാതയിലാണ്. ആ പോരാട്ടത്തെ ആര് നയിക്കുന്നുവോ അവരിലൂടെ ജനം മുന്നേറുന്ന സാഹചര്യമാണ്. സാഹചര്യത്തെ മമതയും അൻവറും തൃണമൂലും എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ആണ് നോക്കിക്കാണേണ്ടത്.