കോട്ടയം: മീനച്ചിലാറിന്റെ തീരങ്ങളില്‍ ശുദ്ധജലത്തിന്റെ ഗുണനിലവാര സൂചകമായ തുമ്പികളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. കേരള വനംവകുപ്പിന്റെ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും (ടൈസ്) ചേര്‍ന്ന് നടത്തിയ ഒന്‍പതാമത് മീനച്ചില്‍ തുമ്പി സര്‍വേയിലാണ് ഇത് കണ്ടെത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും തീരദേശ മലിനീകരണവും തുമ്പികളുടെ വംശനാശത്തിന് പ്രധാന കാരണങ്ങളാണെന്ന് കണ്ടെത്തി.
മേലടുക്കം ഭാഗമൊഴികെ, മാര്‍മല വെള്ളച്ചാട്ടത്തില്‍ നിന്നും പഴുക്കാനിലക്കായലിലെ പതനസ്ഥലത്തേയ്ക്ക് വരെ മലിനീകരണം രൂക്ഷമായി വർദ്ധിച്ചു. ഈ മാറ്റങ്ങളുടെ ഫലമായി, ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ട് വളരുന്ന തുമ്പികളുടെ നിരവധി ഇനങ്ങള്‍ കുറഞ്ഞുവോ അപ്രത്യക്ഷമായോ കാണുന്നതായാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം മീനച്ചിലാറിന്റെ തീരങ്ങളില്‍ 18 കല്ലന്തുമ്പി (dragonfly) ഇനങ്ങളും 19 സൂചിതുമ്പി (damselfly) ഇനങ്ങളും അടക്കം 37 തുമ്പി ഇനങ്ങളെയാണ് കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 10 ഇനങ്ങള്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കല്ലന്തുമ്പികളുടെ വൈവിധ്യം സൂചിതുമ്പികളെ അപേക്ഷിച്ച് ഏറെക്കുറച്ച് നിലയിലാണ്.
പുള്ളിനിഴല് തുമ്പി (ബിഎഡ് റീഡ് ടെയ്ല്) കിടങ്ങൂര്‍, തിരുവഞ്ചൂര്‍, തണലോരം എന്നിവിടങ്ങളിലും ചെങ്കറുപ്പന്‍ അരുവിയന്‍ (മലബാര്‍ ടോറന്റ് ഡേറ്റ്) മേലടുക്കത്തും കണ്ടെത്തിയെങ്കിലും മലിനീകരണ സൂചകമായ ചങ്ങാതിതുമ്പികളാണ് മറ്റു സ്ഥലങ്ങളില്‍ വ്യാപകമായി കണ്ടത്.
സര്‍വേയ്ക്കിടെ 16 സ്ഥലങ്ങളില്‍ നിന്ന് വെള്ള സാമ്പിളുകള്‍ ശേഖരിച്ച് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും പരിശോധിച്ചു. ജല പരിസ്ഥിതിയുടെ നാശം തുമ്പികളുടെ വംശനാശത്തിന് കാരണമാകുന്നതോടെ, ഇത് മനുഷ്യനും മറ്റ് ജലജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയായി മാറുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ കെ.ബി സുഭാഷ്, ഡോ. എബ്രഹാം സാമുവല്‍ കെ എന്നിവര്‍ പറഞ്ഞു.
60-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സര്‍വേയിൽ ഡോ. പുന്നന്‍ കുര്യന്, എം എന്‍ അജയകുമാര്‍, ശരത് ബാബു എന്‍ ബി, ടോണി ആന്റണി, എം തോമസ് യാക്കോബ്, അനൂപാ മാത്യൂസ്, സുജിത്, ഗിരി കെ എം, മഞ്ജു മേരി, ഡോ സരിതാ രാമചന്ദ്രൻ, അമൃത വി രഘു തുടങ്ങിയവര്‍ നേതൃത്വം നല്കി.