കോട്ടയം: കടുത്തുരുത്തിയിൽ ഓൺലൈൻ തട്ടിപ്പുവഴി വൈദികന് നഷ്ടമായത് 1.41 കോടി രൂപ. പ്രമുഖ ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷൻ്റെ വ്യാജ പതിപ്പിലൂടെയാണ് വൈദികനിൽ നിന്നും ഒരുകോടി 41 ലക്ഷം രൂപ തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്ത തുക കിട്ടിയതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികൻ വീണ്ടും നിക്ഷേപിക്കുകയായിരുന്നു. എന്നാൽ വലിയ തുക നിക്ഷേപിച്ചതോടെ ലാഭം നൽകിയില്ല. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് വൈദികന് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് കടുത്തുരുത്തി പൊലീസിൽ മൂന്ന് ദിവസം മുൻപ് പരാതി നൽകി.
അന്വേഷണത്തിൽ നോർത്ത് ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. അക്കൗണ്ടിൽ നിന്ന് മറ്റു പല അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. പരാതി ലഭിച്ച ഉടൻതന്നെ ഇടപെട്ടതിനാൽ 28 ലക്ഷം രൂപ ബാങ്കിൽ ഫ്രീസ് ചെയ്യിക്കാൻ പൊലീസിന് സാധിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content: Priest falls victim to online trading scam in Kottayam; loses Rs 1.41 crore