എപ്പോഴും പാല് ചുരത്തുന്ന കറവപ്പശുവാണ് സർക്കാരിനെ സംബന്ധിച്ച് മദ്യശാലകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും പിടിച്ചുനിർത്തുന്നത് മദ്യശാലകളും ലോട്ടറിയുമാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബിവ്റേജസ് കോർപറേഷനിൽ നിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിന് നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്ന് ബവ്കോ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ലീറ്ററിന് 10 രൂപ വീതം ബവ്കോയിൽനിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വർധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയിൽത്തന്നെ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നെങ്കിലും ബവ്കോ സമർപ്പിച്ച കണക്കുകൾ നേരെ വിപരീതമായിരുന്നു. 200 കോടിയുടെ വാർഷിക വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തിൽ നൽകേണ്ടിവരുമെന്നാണു ബവ്കോയുടെ കണക്കെടുപ്പിൽ കണ്ടെത്തിയത്. ബവ്കോ ലാഭമുണ്ടാക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സാഹചര്യത്തിൽ ഇത് ബാധ്യതയാവുകയും മദ്യവില ഉയർത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.
2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി നാല് ശതമാനം വർധിപ്പിച്ച സർക്കാർ, 2023–24ലെ ബജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. 500 മുതൽ 999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലേക്ക് വിലയുള്ള കുപ്പിക്ക് 40 രൂപയുമാണു സെസ് ഏർപ്പെടുത്തിയത്. ഇതിന് പുറമേയായിരുന്നു ഗാലനേജ് ഫീ വർധന.
മുൻ വർഷത്തെ സംസ്ഥാന ബജറ്റിനെ തുടർന്നും മദ്യവില കൂടിയിരുന്നു. അന്ന് മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ആണ് ഏർപ്പെടുത്തിയത്. ഇതോടെ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു. ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണ് സർക്കാർ മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.
നിലവിൽ രാജ്യത്ത് തന്നെ മദ്യത്തിന് ഏറ്റവും ഉയർന്ന വില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലേക്കാള്‍ 500 രൂപയോളം കുറവാണ് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍.
സംസ്ഥാനത്ത് എന്ത് സാമ്പത്തിക പ്രശ്നം വന്നാലും മദ്യത്തിന് വിലകൂട്ടിയാണ് അതിനു പരിഹാരം കാണുന്നത്. മദ്യപാനികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതുകയാണ് സർക്കാർ. സുനാമി വരുമ്പോഴും പ്രളയം വരുമ്പോഴുമെല്ലാം മദ്യപാനികളുടെ മേൽ വലിയ ഭാരമാണ് സർക്കാർ അടിച്ചേൽപ്പിച്ചത്. മദ്യപാനം പ്രോത്സാഹിപ്പിക്കേണ്ട ഒന്ന് അല്ലെങ്കിലും മദ്യത്തിന്റെ അടിക്കടിയുള്ള വിലവർധനവ് ചെറുക്കേണ്ട ഒന്നുതന്നെയാണ്.
വില വർദ്ധിക്കുംതോറും മദ്യപാനം കുറയുമെന്ന സർക്കാർ വാദം ബാലിശമാണ്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കാശുള്ളവൻ കൂടുതൽ പണംമുടക്കി മദ്യപിക്കും. മറ്റുള്ളവർ മദ്യത്തിനു പകരം മറ്റു മാർഗ്ഗങ്ങളിലേക്ക് കടക്കും. അങ്ങനെയുള്ളവർ മയക്കുമരുന്നിന് അടിമകളായി സമുഹത്തിന് ബാധ്യതകൾ ഉണ്ടാക്കും. ഇത്തരത്തിലൊരു നീക്കം കേരളത്തിൻ്റെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കും. മദ്യം വിലകുറച്ചു കൊടുക്കുകയാണ് ഇതിനുള്ള മാർഗ്ഗം. ഇപ്പോൾ തന്നെ നമ്മുടെ സമൂഹം രാസ ലഹരിവസ്തുക്കൾക്ക് അനുസൃതമായി വഴിമാറുമ്പോൾ സർക്കാർ ഗൗരവത്തോടെ വേണം മദ്യവിലവർധനവിനെ നോക്കിക്കാണുവാൻ. എല്ലാവിധത്തിലുള്ള ലഹരി വസ്തുക്കളും സുലഭമായ സമൂഹത്തിൽ സർക്കാരിന്റെ തീരുമാനങ്ങൾ കൂടുതൽ വിനാശത്തിലേക്ക് വഴിവെക്കാതെ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.