പ്രശസ്ത തെന്നിന്ത്യന്‍ നടന് വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിദ്ധിക്ക്- ലാല്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയിലെ ‘റാവുത്തര്‍’ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിജയ രംഗരാജു.മഹാരാഷ്ട്ര സ്വദേശിയായ അദ്ധേഹം ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ്. രാജ്കുമാര് എന്നാണ് യഥാര്‍ഥ പേര്.
ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.വില്ലന്‍ വേഷത്തിലൂടെയാണ് തെലുങ്ക്, മലയാളം സിനിമകളില്‍ വിജയ രംഗരാജു പ്രസിദ്ധനായത്. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത് നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രമായ ഭൈരവ ദീപത്തിലൂടെയാണ്. തുടർന്ന് യാഗ്നം എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ സിനിമാ ലോകത്ത് ശ്രദ്ധേയനായി. മലയാളത്തിൽ അനുരാഗക്കോടതി, ആയുധം, പടയോട്ടം,ഹലോ മദ്രാസ് ഗേള്‍, ആരംഭം, ആധിപത്യം, സംരംഭം, ഹിറ്റ്ലര്‍ ബ്രദേഴ്സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.