പാലക്കാട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് മെക് സെവന് വ്യായാമക്കൂട്ടായ്മയ്ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ പരോക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്ത്. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന് നിലപാടാണെന്ന് എം.വി ഗോവിന്ദന് വ്യക്തമാക്കി. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേർത്തു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തെല്ലാം അന്ധവിശ്വാസജടിലമായ നിലപാടുകളെ കൃതമായി വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളും പൊതുസമൂഹവും മുന്നോട്ട് വന്നിട്ടുള്ളത്. പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഭാഗമായി ഇപ്പോഴും പൊതുവിടങ്ങളില്‍ സ്ത്രീകളുണ്ടാവരുതെന്ന് പറയുന്ന നിലപാടിലേക്ക് എങ്ങനെ പോയാൻകഴിയും. പോകാനാവില്ല. പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തിന് മുന്നോട്ടേക്ക് പോകേണ്ടിവരും. ആ പുരോഗമനപരമായ നിലപാട് നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമെല്ലാം കൂട്ടായ ശ്രമത്തിന്റെ, അല്ലെങ്കില്‍ അത് പിന്‍പറ്റി മുമ്പോട്ടേക്ക് വന്ന കേരളീയ സമൂഹത്തിന്റെ ഭാഗമായി രൂപപ്പെട്ടത് തന്നെയാണ്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുള്ള നാട് ഈ കേരളമാണ്. എം. വി ഗോവിന്ദനന് പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും ഇടകലരുന്ന എന്ത് പദ്ധതി കൊണ്ടുവന്നാലും അത് ദീനിനെ പൊളിക്കാനാണ് എന്ന പ്രസ്താവനയായിരുന്നു കാന്തപുരത്തിന്റേത്.