തൃശൂർ: പെരിഞ്ഞനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശിയായ ചമപ്പറമ്പ് വീട്ടിൽ സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു തിരൂർ സ്വദേശിനിയായ യുവതിയെ ഇയാൾ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോയത്.
ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കയ്പമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതെസമയം സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളെ ആസ്പദമാക്കി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കോതപറമ്പിൽ വെച്ച് പിടികൂടിയത്. ഇയാളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.