തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഭക്ഷ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന്റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികൾ സമരവുമായി മുന്നോട്ട് പോകുന്നത്.
ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം. സർക്കാർ രണ്ട് തവണ വ്യാപാരികളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടു. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാട്. ശമ്പളം വർധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കി. സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ വിശദീകരണം തള്ളി കളഞ്ഞ റേഷൻ വ്യാപരികൾ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.