തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കഴിഞ്ഞ വർഷം 1716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്യാല്‍. യാത്രക്കാരുടെ എണ്ണത്തിൽ ഒന്‍പതു ശതമാനം വര്‍ധനയുണ്ട്. 8.10 കോടി പേരാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍നിന്നു യാത്രചെയ്തത്.
ചരക്കുകടത്തില്‍ 305.19 കോടി രൂപയും ടിക്കറ്റിതര വിഭാഗത്തില്‍ 24.38 കോടി രൂപയും നേടി. 75 കിലോമീറ്റര്‍ പാത നവീകരിക്കുകയും 10 പ്രധാന പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതോടെ തിരുവനന്തപുരം-എറണാകുളം പാതയില്‍ 100 കിലോമീറ്റര്‍ വേഗതയുണ്ട്. 32 സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സിസ്റ്റത്തിലൂടെ സിഗ്നല്‍ നവീകരിച്ചു. ഇതോടെ തീവണ്ടികള്‍ക്ക് കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. ശബരിമല മണ്ഡലകാല പ്രത്യേക തീവണ്ടികളില്‍ അഞ്ചുലക്ഷം യാത്രക്കാരാണുണ്ടായിരുതെന്നും അദ്ദേഹം പറഞ്ഞു.