കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടെ ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ് അതിക്രമമുണ്ടായത്. രമണിയും ഭർത്താവ് അപ്പുക്കുട്ടനും ഈ വീട്ടിലാണ് താമസിക്കുന്നത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിലാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനക്ക് ശേഷം അപ്പുക്കുട്ടന്റെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്