ദില്ലി: ഇളയരാജയുടെ സംഗീതത്തിൽ യേശുദാസ് ആലപിച്ച പ്രശസ്തമായ ‘എൻ ഇനിയ പൊൻ നിലവെ’ എന്ന ഗാനത്തിന് ഇളയരാജയ്ക്കല്ല അവകാശമെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. ‘മൂടുപാനി’ എന്ന 1980ലെ സിനിമയിലെ ഈ ഗാനത്തിന്റെ കോപ്പിറൈറ്റ് സാരിഗാമ ഇന്ത്യ ലിമിറ്റഡിനാണ് ഉള്ളതെന്ന് കോടതി വ്യക്തമാക്കി. വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന ‘അഗത്തിയ’ എന്ന പുതിയ ചിത്രത്തിൽ ഈ ഗാനം ഉപയോഗിക്കാൻ സാരിഗാമ ഇന്ത്യയുമായി ലൈസൻസ് കരാർ ഉണ്ടാകണമെന്നായിരുന്നു കോടതിയുടെ തീരുമാനം. നിർമ്മാതാക്കൾ 30 ലക്ഷം രൂപ കെട്ടിവെച്ച് ഗാനത്തിന് താൽക്കാലിക അനുമതി ലഭിച്ചിരിക്കുകയാണ്. ഗാനം ഉപയോഗിക്കാൻ ഇപ്പോൾ വിലക്ക് ഏർപ്പെടുത്തുന്നത് ചിത്ര നിർമ്മാതാക്കൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന നിലപാടിലാണ് കോടതി ഈ തീരുമാനം എടുത്തത്.
ജനുവരിയിൽ ‘അഗത്തിയ’ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തപ്പോൾ ‘എൻ ഇനിയ പൊൻ നിലവെ’ എന്ന ഗാനത്തിന്റെ സാഹിത്യ, സംഗീത കോപ്പിറൈറ്റ് അവകാശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് വെൽസ് ഫിലിമിനെതിരെ സാരിഗാമ നിയമനടപടിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനെതിരേ വെൽസ് ഫിലിം പ്രതികരിച്ചത്, സംഗീതസംവിധായകൻ ഇളയരാജയിൽ നിന്നു തന്നെ അനുമതി വാങ്ങിയതാണെന്നാണ്. ഇതോടെ സാരിഗാമ ദില്ലി കോടതിയിൽ ഹർജി നൽകി. സാരിഗാമ ഇന്ത്യ, ‘മൂടുപാനി’ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ രാജാ സിനി ആർട്ട്സിൽ നിന്നും ഗാനത്തിന്റെ എല്ലാ അവകാശവും വാങ്ങിയെനാണ് സാരി ഗമ പറയുന്നത്. കേസിൽ ഗാനത്തിന്റെ കോപ്പിറൈറ്റ് അവകാശം ഇളയരാജയ്ക്കാണോ അല്ലെങ്കിൽ സാരിഗാമയ്ക്കാണോ എന്ന ചോദ്യമാണ് പ്രധാനമായും പരിഗണിച്ചത്. കോപ്പിറൈറ്റ് നിയമത്തിന്റെ സെക്ഷൻ 17 പ്രകാരം സംഗീത സംവിധായകന് പ്രത്യേക അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കുകയും സാരിഗാമയ്ക്കാണ് പാട്ടിന്റെ നിയമപരമായ അവകാശം എന്നും വിധിയിലൂടെ ഉറപ്പാക്കുകയുമായിരുന്നു.