ടീം സോളാര്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയെന്ന കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞദിവസം കോടതി വെറുതെവിട്ടിരുന്നു. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് സരിതയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിന്‍സെന്റ് സൈമണ്‍ എന്നയാള്‍ നല്കിയ പരാതിയില്‍ 2014 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ടീം സോളാറിന്റെ ഡീലര്‍ഷിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം വാങ്ങി. എന്നാല്‍ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു കേസ്. കേരള രാഷ്ട്രീയത്തെ ആകെ പിടിച്ചു കുലുക്കിയ കേസ് ആയിരുന്നു സോളാർ കേസ്. നീണ്ട ഒമ്പതുവര്‍ഷം കേരള രാഷ്ട്രീയത്തേയും അതിലേറെ കോണ്‍ഗ്രസിനേയും പിടിച്ചുലച്ച ശേഷം സോളാർ ഇപ്പോള്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ആയി മാറിയിരിക്കുകയാണ്.
രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കി അധികാരം പിടിക്കാന്‍ ഇടതുപക്ഷത്തിനെ സഹായിച്ച ‘സോളാര്‍ കേസ്’ സിബിഐ കണ്ടെത്തലുകളോടെയാണ് അപ്രസക്തമായി മാറിയത്. അന്ന് കോൺഗ്രസിന്റെ ഭാഗമായിരുന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, ഹൈബി ഈഡന് എംപി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മുന്മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവരായിരുന്നു ലൈംഗിക ആരോപണ കേസിലെ പ്രതികള്‍. കൂട്ടത്തില്‍ പ്രധാനമായും വേട്ടയാടപ്പെട്ടത് ഉമ്മന്‍ചാണ്ടിയായിരുന്നു. സംസ്ഥാന, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നുംകണ്ടെത്താനാവാത്ത സോളാര്‍ക്കേസിന്റെ ചൂടുംചൂരും വട്ടംചുറ്റുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞത് ഒരേയൊരുകാര്യം മാത്രമായിരുന്നു. ‘തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ട്. സത്യം ജയിക്കും. ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കേണ്ട കുറിച്ചുവെച്ചോ…’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് ചികിത്സയില്‍ കഴിയുമ്പോഴും സോളാർ വിവാദം അദ്ദേഹത്തെ വേട്ടയാടിയിരുന്നു. വാക്കുകളെ പോലെ തെറ്റുചെയ്തില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നടപടികളും. കേസ് മാറ്റിവെക്കാനോ അറസ്റ്റ് ഭയന്ന് മാറിനില്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. തന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചതും ഉമ്മന്‍ചാണ്ടി തന്നെയാണ്.
നിയമസഭയ്ക്കകത്തും പുറത്തും തന്നെക്കുറിച്ചു വന്നതെല്ലാം ചേര്‍ത്ത് കമ്മിഷന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതും പോലീസ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചതും ഉമ്മന്‍ചാണ്ടിതന്നെ. ഇടവേളയില്ലാതെ 13 മണിക്കൂറാണ് ശിവരാജന് കമ്മിഷനു മുന്നിലിരുന്ന് ചോദ്യങ്ങളെ നേരിട്ടത്. അതും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തത്സമയം. സോളാര്‍ ആരോപണങ്ങളില്‍ ആടിയുലഞ്ഞ യുഡിഎഫിനെ തകര്‍ത്ത് 2016ല്‍ അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരിന് കേസില്‍ കുറ്റാരോപിതരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോയിട്ട് കേസില്‍ ഒരു പുരോഗതി പോലും ഉണ്ടാക്കാനായില്ല. 2021ലെ തിരഞ്ഞെടുപ്പിലും സോളാര്‍ കത്തിക്കാന്‍ നോക്കിയ ഇടതുപക്ഷം തിരഞ്ഞെടുപ്പിന് മുമ്പായി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും പുറത്തുവന്ന ആരോപണങ്ങളൊന്നും തന്നെ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിക്കുകയാണ് ഉണ്ടായത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പടെ നാലു മന്ത്രിമാര്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായരെ ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തുവന്നതോടെ സിപിഎം രാഷ്ട്രീയ കൊടുങ്കാറ്റ് പോലെ സോളാർ വിവാദം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ മന്ത്രിമാരും കൂടാതെ മറ്റു നിരവധി നേതാക്കളുടേയും എംഎല്‍എമാരുടേയും പേരുകള്‍ പുറത്തുവന്നത് കോണ്‍ഗ്രസിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു.
ഫോണ്‍ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അന്നത്തെ ഇന്റലിന്‍ജന്‍സ് മേധാവിയായ ടി.പി.സെന്‍കുമാറിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയുണ്ടായി.കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ ബി ഗണേഷ് കുമാര്‍, ഹൈബി ഈഡന് തുടങ്ങിയ 30 ഓളം യുഡിഎഫ് നേതാക്കളുടെ ഫോണ്‍ രേഖകളാണ് പുറത്തുവന്നത്. ഇതിനിടെ സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലുമേനോന്റെ പങ്കും പുറത്തുവന്നിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നുനില്‍ക്കെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശാലുമേനോന്റെ വീടിന്റെ പാലു കാച്ചല് ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രം പുറത്തുവരികയും വിവാദമാകുകയും ചെയ്തിരുന്നു. 2013 ഓഗസ്റ്റ് 12ന് മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ഭരണം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച് ഇടതുമുന്നണി സെക്രട്ടേറിയേറ്റ് വളഞ്ഞു. അര ലക്ഷത്തോളം പേര് തലസ്ഥാനത്തേക്ക് ഇരച്ചെത്തി. സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങളും സമരക്കാര്‍ നിറഞ്ഞു. സംഘര്‍ഷ ഭീതിയുടെ മുപ്പതുമണിക്കൂറിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫിന്റെ അനിശ്ചിത കാലം സമരം പിന്‍വലിച്ചു. സെക്രട്ടേറിയറ്റിന് അവധി നല്‍കിയതോടെ സമരം തീര്‍ത്ത് തടിതപ്പാന്‍ വേറെ മാര്‍ഗമില്ലാതെ അതിന് ഇടതുപക്ഷം വഴങ്ങുകയായിരുന്നു. ഇതിനിടെ ഉമ്മന്‍ചാണ്ടി രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും യുഡിഎഫ് യോഗം ചേര്‍ന്ന് വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയും കേസില്‍ ഗൂഢാലോചന നടന്നതായും ആരോപിച്ചു. ഒക്ടോബര്‍ 25ന് പിന്നോക്ക വിഭാഗ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ശിവരാജന് അധ്യക്ഷനായി സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. പ്രക്ഷോഭങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറ് നടന്നതിനും രാഷ്ട്രീയ കേരളം സാക്ഷിയായി. 2015 ഡിസംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിതയുമായുള്ള രംഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണന് അവകാശപ്പെടുന്ന സിഡി ഹാജരാക്കാന്‍ ശിവരാജന് കമ്മീഷന് ഉത്തരവിട്ടു. സിഡി കണ്ടെടുക്കാന്‍ പോലീസ് സംഘം കോയമ്പത്തൂരിലേക്ക് പോയെങ്കിലും കണ്ടെടുക്കാനായില്ല. ആ നിമിഷവും ചോദ്യങ്ങളോട് കടക്ക് പുറത്ത് എന്ന മറുപടിയായിരുന്നില്ല ഉമ്മൻചാണ്ടി നൽകിയിരുന്നത്.
അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും ഉമ്മൻ ചാണ്ടിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും ഉമ്മൻ ചാണ്ടിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമായിരുന്നു അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നത്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല് പൊലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നുവെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും താന്‍ ചെയ്തിട്ടില്ലെന്നും ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോയെന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആകസ്മികമായി അദ്ദേഹം മരണത്തിലേക്ക് വീണു പോകുമ്പോഴും സോളാർ ഒരു മുറിവായി അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിൽ നിറഞ്ഞുനിന്നിരുന്നു. ജനകീയ മനസിന് ഉടമയായ സാക്ഷാൽ ഉമ്മൻചാണ്ടിയുടെ ജനകീയ സ്വഭാവം തന്നെയായിരുന്നു തട്ടിപ്പുകാർ തട്ടിപ്പിനുള്ള വഴിയാക്കി മാറ്റിയത്. ഇന്ന് എല്ലാ ആരോപണങ്ങൾക്കും ശരം കൊടുത്ത സരിത ആകട്ടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ മരുന്നിനു പോലും വകയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. ആരുടെയും ദുരവസ്ഥയിൽ സന്തോഷം പ്രകടിപ്പിക്കുക അല്ലെങ്കിലും ഉമ്മൻചാണ്ടിയുടെ ആത്മാവ് ഉയർന്ന കപട ആരോപണങ്ങളിൽ എല്ലാം സത്യം തെളിഞ്ഞതിലുള്ള ആനന്ദത്തിലാകും.