കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപകമായി പരാതികൾ ഉയർന്നു. ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് ഈ തട്ടിപ്പിന് ഇരയായി പരാതി നൽകിയത്. തുടർന്ന് മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ ഉടമ അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. 2023 ഏപ്രിലിലാണ് സീഡ് സൊസൈറ്റി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. 13 അംഗ പ്രമോട്ടർ സംഘമാണ് സൊസൈറ്റി വഴി വാഗ്ദാനങ്ങളും പണപ്പിരിവുമെല്ലാം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയെന്ന പേരിലും പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടു ഉപയോഗിച്ചാണെന്നും കബളിപ്പിച്ചത്. തുടക്കത്തിൽ പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യിൽ മെഷീനും നൽകിയാണ് വിശ്വാസം നേടി. തുടർന്ന് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുകയായിരുന്നു. സൊസൈറ്റി ഉടമ അറസ്റ്റിലായതോടെ കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ശ്രീകണ്ഠാപുരം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി പരാതികൾ ലഭിച്ചു.
പരാതിക്കാർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയതോടെ പ്രമോട്ടർമാരെ വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം, പൊലീസ് കേസെടുക്കാൻ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നഷ്ടപരിഹാരം ലഭിക്കാതെ വരികയാണെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്ന് പരാതിക്കാർ വ്യക്തമാക്കി.