കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂൾ വിദ്യാർഥിയായ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജെംസ് ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ ബിനു അസീസിൻ്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. മിഹിറിനെതിരായ നടപടികളെല്ലാം പ്രിൻസിപ്പലിന്റെ നിർദേശത്തെ തുടർന്നാണ് എന്നായിരുന്നു മൊഴി. കുറ്റം പ്രിൻസിപ്പലിൻ്റെ തലയിൽ വെച്ച് രക്ഷപെടാനുള്ള ശ്രമമെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ, മിഹിർ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വിശദീകരണ കത്തിനെതിരെ മരിച്ച മിഹിറിൻ്റെ അമ്മ രംഗത്തെത്തിയിരുന്നു. റാഗിങിനെ കുറിച്ച് സ്കൂൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെയെന്ന വാദം തെറ്റ്. മിഹിർ മരിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. സ്കൂൾ നേരത്തെ ഇടപെട്ടിരുന്നെങ്കിൽ മിഹിർ ജീവനൊടുക്കില്ലായിരുന്നെന്നും അമ്മ പ്രതികരിച്ചു.