രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റിൽ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിയുടെ ഭാഗമായി ഭൂമി വാങ്ങുന്നതിന് കിഫ്ബി വഴി ആയിരം കോടി വിനിയോഗിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ലോകത്തിലെ തന്നെ പ്രധാന ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബ് തുറമുഖമായ സിംഗപ്പൂര്‍ ട്രാൻഷിപ്പ്മെന്റ് ഹബ്ബ് മാതൃകയില്‍ വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴിയില്‍ ഉടനീളം വിവിധോദ്ദേശ പാര്‍ക്കുകള്‍ , ഉല്‍പ്പാദന കേന്ദ്രങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. പദ്ധതി നിര്‍വഹണം ഉറപ്പാക്കാന്‍ എസ്പിവി രൂപീകരിച്ച് ഭൂവികസന, നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തും. കൂടാതെ നിലവിലെ കൊല്ലം -കൊട്ടാരക്കര -ചെങ്കോട്ട എന്‍എച്ച് 744, എംസി റോഡ്, മലയോര തീരദേശ ഹൈവേകള്‍ , കൊല്ലം- ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതാഗത ഇടനാഴികള്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി കാരണമാകും.