ദീർഘകാലത്തോളം കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിനെ പിന്നിലാക്കി ആംആദ്മി പാർട്ടി ഡൽഹിക്ക് പിന്നാലെ പഞ്ചാബിന്റെ ഭരണം പിടിക്കുന്നത്. ഡൽഹിയിലെ സൗജന്യ പദ്ധതികളും വികസനവും ഉയർത്തിക്കാട്ടിയായിരുന്നു പഞ്ചാബിലെ ആം ആദ്മിയുടെ പോരാട്ടം. കോൺഗ്രസിനുള്ളിലെ വിഭാഗീയത ആം ആദ്മിക്ക് കോൺഗ്രസിന് ഇട്ടൊരു ആപ്പ് വെക്കുവാൻ ഇടയാക്കുകയും ചെയ്തു. ഡൽഹിക്ക് പിന്നാലെ പഞ്ചാബിൽ കൂടി അധികാരം നേടിയതോടെ ആം ആദ്മി ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. അഴിമതി വിരുദ്ധതയായിരുന്നു കെജ്രിവാളിന്റെയും ആം ആദ്മിയുടെയും മുഖമുദ്രയായിരുന്നത്. ഡൽഹിയിൽ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തിൽ ആം ആദ്മിക്ക് അധികാരത്തിൽ തുടരുവാൻ അവിടുത്തെ ജനത അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. ഭൂരിഭാഗം സീറ്റുകളിലും വിജയിച്ച് അധികാരത്തിൽ തുടർന്നിരുന്ന ആം ആദ്മിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു സംഭവിച്ചത്. പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവ് കെജ്രിവാൾ പോലും കടപുഴകി. അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയേണ്ടിവന്ന സിസോദിയേയും പരാജയം നേരിട്ടു. മുൻ മുഖ്യമന്ത്രി അതിഷി മാത്രമാണ് പ്രധാനപ്പെട്ട നേതാക്കളിൽ വിജയിച്ചു വന്നത്. ഡൽഹിയിലെ തിരിച്ചടി ആം ആദ്മിക്ക് കനത്ത പ്രഹരമായിരുന്നു. ഡൽഹി പ്രതിഫലിക്കുന്നത് ഡൽഹിയിൽ മാത്രമാകില്ല എന്നതാണ് ശ്രദ്ധേയം. ഡൽഹിയിലെ തോൽവി പഞ്ചാബ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ രംഗത്തുള്ള വിദഗ്തർ വിലയിരുത്തുന്നത്. ആം ആദ്മി ഭരിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് പഞ്ചാബ്. ‘ഡൽഹി മോഡൽ’ എന്ന പ്രചാരണ തന്ത്രം പഞ്ചാബിൽ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ആം ആദ്മി. ‘ബദലാവ്’ എന്ന വാഗ്ദാനവുമായി ഡൽഹിയിലെ ജനക്ഷേമ പദ്ധതികൾ പഞ്ചാബിലും നടപ്പിലാക്കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചിരുന്നു. സൗജന്യ വൈദ്യുതി, റേഷൻ ഹോം ഡെലിവറി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നത്. സ്ഥിരതയുള്ള സർക്കാർ നിലനിർത്തുകയും നല്ല ഭരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ആം ആദ്മിയുടെ മുന്നിലുള്ള വെല്ലുവിളി. നിലവിലെ നേതൃത്വം തുടരുമോ അതോ മാറ്റമുണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.
പഞ്ചാബിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് എന്ത് സംവിധാനമാണ് ആം ആദ്മി ഒരുക്കുക എന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്. അതേസമയം, ആംആദ്മിയുടെ ഇടിവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ് ഭിന്നിച്ചിരുന്ന സമയത്തേക്കാളും കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്നും വിലയിരുത്തലുകൾ ഉണ്ട്. കെജ്രിവാൾ ഉൾപ്പെടെയുള്ള ഡൽഹിയിലെ നേതാക്കൾ പഞ്ചാബിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള സാധ്യതകളാണ് പ്രധാനമായും പലരും പങ്കുവെക്കുന്നത്. എന്നാൽ അതിൽ പഞ്ചാബിലെ ആം ആദ്മി നേതാക്കൾക്ക് വലിയ താല്പര്യമൊന്നുമില്ല. ഭഗവന്ത് മാനും ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അമൻ അറോറയും ചേർന്ന് കൂടുതൽ അധികാരം പ്രയോഗിക്കാനുള്ള പരിശ്രമങ്ങൾ കെജ്രിവാളിന് അത്രകണ്ട് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ ആം ആദ്മി വരും നാളുകളിൽ സാക്ഷ്യം വഹിക്കുക വലിയ പൊട്ടിത്തെറികൾക്കായിരിക്കും. ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുമെന്ന് ആം ആദ്മി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പഞ്ചാബിൽ 1,100 രൂപ നൽകുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തത് ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. ഭഗവന്ത് മാനിന്റെ ഭാവിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഇപ്പോൾ പഞ്ചാബിൽ നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ പ്രതാപ് സിംഗ് ബജ്വ, ഭഗവന്ത് മാൻ അടുത്ത ഏക്നാഥ് ഷിൻഡേ ആകുമെന്ന പ്രതികരണം കഴിഞ്ഞദിവസം നടത്തിയിരുന്നു.
പഞ്ചാബിൽ ഭരണകക്ഷിയിൽ ഉടൻ തന്നെ ഉൾപ്പോര് ഉണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഉദ്ധവ് താക്കറെയുമായുള്ള ഭിന്നതയെ തുടർന്ന് 2022ൽ ശിവസേനയിൽ പിളർപ്പുണ്ടാക്കിയ ഏക്നാഥ് ഷിൻഡേയുടെ വഴിയിലൂടെ ഭഗവന്ത് മാനിനെ നയിക്കാൻ ആം ആദ്മി നേതൃത്വം ശ്രമിച്ചേക്കാം. ഷിൻഡേ 2022 മുതൽ 2024 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയതോടെ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുക്കേണ്ടി വന്നു. ഷിൻഡേ ഇപ്പോൾ മഹാരാഷ്ട്രയുടെ ഉപ മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തെ ആം ആദ്മി പ്രവർത്തകരും എംഎൽഎമാരും കെജ്രിവാളിനോട് വിശ്വസ്തരാണ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഒരു സിക്ക് വംശജന് മാത്രമല്ല നൽകേണ്ടതെന്ന് ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അമൻ അറോറ പറഞ്ഞ സമയം സംശയാസ്പദമാണ്. ഇത് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വെളിപ്പെടുത്തുന്നു. ഇത് വാസ്തവത്തിൽ പാർട്ടി നേതൃത്വത്തിന്റെ തന്നെ അഭിപ്രായമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഡൽഹിയിൽ തോൽക്കുമെന്ന് ആന്തരിക സർവേകളിൽ നിന്ന് അവർക്ക് മനസ്സിലായിരുന്നു. ലുധിയാന വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. സംസ്ഥാന നിയമസഭയിലേക്ക് പ്രവേശിക്കാൻ കെജ്രിവാൾ ഈ സീറ്റ് ലക്ഷ്യമിടുന്നുണ്ടെന്ന് വിലയിരുത്തുന്നവരും ഉണ്ട്. ഇതിനിടയിൽ എങ്ങനെയും അധികാരം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബിലെ പിസിസി അധ്യക്ഷൻ ആം ആദ്മി എംഎൽഎമാരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ആം ആദ്മിയുമായി ഇടഞ്ഞുനിൽക്കുന്ന 30 പേരെ കോൺഗ്രസിലേക്ക് എത്തിക്കുവാൻ കഴിഞ്ഞാൽ പഞ്ചാബിൽ ആപ്പിന്റെ സർക്കാർ വീഴുമെന്നതിൽ സംശയമില്ല. ഏതെങ്കിലും പാർട്ടിയുടെ അസ്ഥിത്വം തകർത്തുകൊണ്ട് അധികാരത്തിലേക്ക് ഇല്ലെന്ന് കോൺഗ്രസ് ആവർത്തിച്ചു പറയുമ്പോഴും അസാധാരണനീക്കം കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.