കോഴിക്കോട്: വടകര നടക്കുതാഴ മാരൂർ പീടിക സ്വദേശിനി ഇപ്പോൾ ഏറെ സന്തോഷവതിയാണ്. ആ സന്തോഷത്തിന് പിന്നിലുള്ള കാരണം രണ്ടു വർഷത്തിലേറെയായി കാണാതായ തന്റെ ഭർത്താവിനെ കണ്ടുകിട്ടി എന്നതിലാണ്. ബീനയുടെ ഭർത്താവ് സുരേഷ് ബാബു ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. 2017 സെപ്റ്റംബറിൽ ആയിരുന്നു സുരേഷ് ബാബു അവസാനമായി നാട്ടിലേക്ക് എത്തിയത്. പിന്നീട് 2022 മാർച്ച് മാസം വരെ നിരന്തരം ഫോണിൽ വീടുമായി ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീടാണ് പൊടുന്നനെ ഭർത്താവുമായുള്ള ആശയവിനിമയം പൂർണമായും നഷ്ടപ്പെടുന്നത്.
ഖത്തറിൽ സുരേഷ് പോകുവാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും എവിടെനിന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. പല വഴികൾ തേടിയെങ്കിലും സുരേഷിനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. രണ്ട് ആഴ്ച മുൻപാണ് ബീന തന്റെ ഭർത്താവിനെ കാണാനില്ലെന്ന വിഷമം ബീന ഷാഫി പറമ്പിൽ എംപിയെ നേരിൽ കണ്ട് പറയുന്നത്. തുടർന്ന് പ്രവാസ സംഘടനകളുമായി ബന്ധപ്പെട്ട് ഷാഫി സുരേഷ് ബാബുവിനെ കണ്ടെത്തുകയായിരുന്നു. എംപി തന്നെ ഇടപെട്ട് സുരേഷ് ബാബുവിനെ നാട്ടിലേക്ക് അയക്കുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം തന്റെ ഭർത്താവ് നാട്ടിലേക്ക് എത്തുമ്പോൾ ബീനയുടെ മുഖത്ത് ആനന്ദ കണ്ണീരാണ്. തന്റെ ഭർത്താവിനെ കണ്ടെത്തുന്നതിന് ആത്മാർത്ഥമായി സഹായിച്ച ഷാഫി പറമ്പിൽ എംപിയോട് തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നുണ്ട് ബീനയും ബന്ധുക്കളും. ഗൾഫിൽ കുടുങ്ങി ദുരിതജീവിതം നയിച്ച നജീബിന്റെ കഥ നാം വായിച്ചറിയുകയും സിനിമയിലൂടെ കണ്ടിട്ടുള്ളതും ഒക്കെയാണ്. മറ്റൊരു നജീബ് ആകാതെ സുരേഷ് ബാബുവിനെ ഷാഫി പറമ്പിൽ എംപി തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.