ലഖ്നൗ: മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ നടപടിയുമായി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച 54 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു.
2025 ഫെബ്രുവരി 13-ന് സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെ, മഹാകുംഭവുമായി തെറ്റായി ബന്ധിപ്പിച്ച രണ്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പൊലീസ് തിരിച്ചറിഞ്ഞു. മഹാകുംഭ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തമുണ്ടായെന്നും 40-50 വാഹനങ്ങൾ കത്തിനശിച്ചുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പൊലീസ് കണ്ടെത്തി. 2020 ഈജിപ്തിലെ എണ്ണ പൈപ്പ്ലൈൻ അപകടത്തിൽ നിന്നുള്ള ചിത്രങ്ങളുപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം.