തിരുവനന്തപുരം: എസ് എസ്എൽസി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം വ്യക്തമാക്കി. പരീക്ഷാഭവൻ മുഖേന എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേക്കും ആവശ്യത്തിലധികമാണ് ചോദ്യപേപ്പറുകൾ എല്ലാ വർഷവും നൽകുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പർ നൽകിയപ്പോൾ ഇത്തരത്തിൽ അധികം ചോദ്യപേപ്പറുകൾ നൽകാൻ സാധിച്ചില്ലയെന്നത് ഒരു യാഥാർത്ഥ്യമാണ്.
കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പർ ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 3 മണിക്ക് ഉള്ളിൽ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. ഫെബ്രുവരി 19 മുതൽ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകൾ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 1 മണിയോടെ എല്ലാ ഇടത്തും വിതരണം ചെയ്തു. 2025 എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ആദ്യ ദിവസത്തെ പരീക്ഷ അവസാനിച്ചപ്പോൾ ചോദ്യ പേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിന് തടസം സംഭവിച്ചിട്ടില്ലായിരുന്നും പരീക്ഷാ കമ്മീഷണര് അറിയിച്ചു.