കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ എന്ന് സംശയം. രണ്ടുപേരെ ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു അമ്മയുടെ മൃതദേഹം. പോലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു അമ്മയും മരിച്ചതായി കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം ജോലിയിൽ പ്രവേശിക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണിൽ കിട്ടാതായതോടെ ഓഫീസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീടിനകത്തുനിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.