വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. മാർപാപ്പയ്ക്ക് ശ്വാസ തടസം നേരിട്ടതായാണ് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ദിവസം മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽച്ചെയറിൽ ഇരിക്കുവാൻ സാധിച്ചെങ്കിലും മുന്പത്തേക്കാള് അദ്ദേഹം ക്ഷീണിതനാണെന്നും ജെമേല്ലി ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുമായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടത്.
ഇന്നലെ നടത്തിയ രക്തപരിശോധനയിൽ മാർപാപ്പയ്ക്ക് വിളർച്ചയുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയയും കണ്ടെത്തിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രാവിലെ അസ്ത്മയ്ക്ക് സമാനമായ ശ്വാസകോശ പ്രശ്നങ്ങളുടെ തീവ്രതയും വർധിച്ചതിനാല്‍ അദ്ദേഹത്തിന് കൃത്രിമ ഓക്സിജന്‍ സംവിധാനം ആവശ്യമായി വന്നു. തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തില്‍ നിന്നും മറച്ചുവയ്ക്കരുതെന്നും സത്യം വെളിപ്പെടുത്തണമെന്നും പാപ്പാ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യവും മെഡിക്കൽ സംഘത്തിന്റെ മേധാവിയായ ഡോക്ടർ സേർജൊ അൽഫിയേരി വെളിപ്പെടുത്തി.