കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റിയുടെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ജനുവരി 2025 സെഷനിൽ ആരംഭിക്കുന്ന ബിഎഡ്, ബി.എസ്.സി നഴ്സിംഗ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ തീയതി ആണ് ഫെബ്രുവരി 28 വരെ നീട്ടിയത്. ഒപ്പം റീ-രജിസ്ട്രേഷനുള്ള തീയതിയും 28 വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു. ഇഗ്നോ ബി.എഡ്, ബി.എസ്സി നഴ്സിംഗ് പ്രവേശന പരീക്ഷ 2025 മാർച്ച് 16 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.അപേക്ഷകർക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതല്ല. എന്നാൽ, പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് റീഫണ്ട് അഭ്യർത്ഥിച്ചാൽ, അടച്ച മുഴുവൻ ഫീസും തിരികെ ലഭിക്കും.
പ്രവേശനം സ്ഥിരീകരിച്ചതിനു ശേഷം പ്രോഗ്രാമിൽ നിന്ന് പിന്മാറിയാൽ ഫീസിന്റെ 15 ശതമാനം അതായത് പരമാവധി 2,000 രൂപ, കുറച്ചതിനുശേഷം റീഫണ്ട് നൽകും. അഡ്മിഷൻ, റീ-രജിസ്ട്രേഷൻ പ്രക്രിയകളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഇഗ്നോ ഹെൽപ്പ് ലൈനുകളും സപ്പോർട്ട് സെൻ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സംശയമുള്ള പക്ഷം അതത് പോർട്ടലുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിലോ rckochi_admissions@ignou.ac.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.