കോഴിക്കോട്: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. അസുഖം ബാധിച്ച് കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശിയാണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗാണു തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്ക മരണത്തിന് കാരണമാകുന്ന ഗുരുതരമായ രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ, നെയ്ഗ്ലേറിയ ഫൗളറി. ഉയർന്ന താപനിലയിൽ മാത്രം അതിജീവിക്കുന്ന അമീബ, കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയാക്കാത്ത സ്വിമ്മിങ് പൂളുകള്‍, തടാകങ്ങൾ, നദികൾ എന്നിവിടങ്ങളിലാണ് ഉണ്ടാവുക. ഇത്തരം വെള്ളത്തില്‍ കുളിക്കുന്നതിനിടെ രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കും. ഇവ തലച്ചോറിനെ കാര്‍ന്നു തിന്നും. പിന്നീട് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും.