കൊച്ചി: സിനിമാ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിനെതിരെ സംവിധായകരുടെ പ്രമേയം. മലയാള ചലച്ചിത്ര മേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്ന പ്രമേയമാണ് പാസാക്കിയത്. സംവിധായകൻ ബ്ലെസിയാണ് പ്രമേയം അവതരിപ്പിച്ചത്. അൻവർ റഷീദ് പ്രമേയത്തെ പിന്താങ്ങി. ഡയറക്ടേഴ്സ് യൂണിയൻ പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്. മലയാള ചലച്ചിത്രമേഖലയെ അനിശ്ചിത കാലത്തേക്ക് സ്തംഭിപ്പിക്കുന്ന ഒരു സമരപരിപാടി ഇന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കപ്പെടേണ്ടതാണ്.
ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്ന ഫെഫ്കയുടെ പ്രഖ്യാപിത നിലപാടിന് ഇപ്പോൾ വലിയ പ്രസക്തിയാണുള്ളത്. മലയാള സിനിമാമേഖലയിൽ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുന്ന ചലച്ചിത്ര സംഘടനകൾക്ക് അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷമപ്രശ്നവും നിലവിലില്ല. ഒപ്പം, ഇരട്ട നികുതിയടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരുമായും ചർച്ചകൾ നടത്തണം. ജനാധിപത്യപരമായ സംവാദത്തിലും സാഹോദര്യത്തിലും ഊന്നുന്ന ഫെഫ്കയുടെ ഇടപെടലുകൾക്ക് ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.