ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് പിഎസ്സി വഴിയുള്ള യൂണിഫോം സർവീസ് നിയമങ്ങളിലേക്ക് വെയ്റ്റേജ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലായി 4 വർഷ പരിശീലനം പൂർത്തിയാക്കുന്ന, എസ്എസ്എൽസി- പ്ലസ്ടു പരീക്ഷകൾക്ക് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ കെഡറ്റുകൾക്ക് 5% വെയ്റ്റേജാണു നൽകുന്നത്.
കൂടാതെ എസ്എസ്എൽസി, പ്ലസ്ടു തലങ്ങളിൽ ഒന്നിൽ എപ്ലസും രണ്ടാമത്തേതിൽ എ ഗ്രേഡും നേടിയവർക്കും രണ്ടിലും എ ഗ്രേഡ് ലഭിച്ചവർക്കും 4% വെയ്റ്റേജ് ലഭിക്കും. ഹൈസ്കൂൾതലത്തിലോ ഹയർ സെക്കൻഡറിതലത്തിലോ 2 വർഷ പരിശീലനം പൂർത്തിയാക്കുകയും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന കെഡറ്റുകൾക്ക് 3% വെയ്റ്റേജ് ഉണ്ടാകും.
ഈ വിഭാഗത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് 2% വെയ്റ്റേജ് നൽകും. കൂടാതെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കൂൾ മാതൃകയിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് പരിശോധിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം ആയി.