വിശുദ്ധ റമദാന് മാസത്തെ വരവേല്‍ക്കാനൊരുങ്ങി ഇസ്ലാം മതവിശ്വാസികള്‍. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ നാളെ മുതല്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. തുടര്‍ന്ന് ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാര്‍ഥനയാലും ഖുര്‍ആന്‍ പാരായണത്താലും ദീപ്തമാകും.
ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങളാണ് വിശ്വാസിക്ക് റമദാന്. പുണ്യങ്ങളുടെ പൂക്കാലമായാണ് റമദാന് മാസത്തെ ഇസ്ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പകല്‍ സമയം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം. ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാ നിരതമായ മനസ്സുമായി രാവും പകലും വിശ്വാസി നിലകൊള്ളുന്ന നാളുകള്‍.