വാഷിംഗ്ടൺ: ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കമാണ് ചുമത്തുന്നതെന്നും ഏപ്രില്‍ രണ്ട് മുതല്‍ ഒരേ തരത്തിലുള്ള നികുതിയാകും ചുമത്തുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുന്നവർക്ക് തിരിച്ചും അതുപോലെ തന്നെയാകുമെന്ന മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്.
യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമര്‍ശം. കുടിയേറ്റ പ്രശ്നങ്ങള്‍, ലിംഗമാറ്റം, ഇറക്കുമതിച്ചുങ്കം, ലഹരി, യുക്രൈനുമായുള്ള കരാര്‍, പനാമ കനാല്‍ ഇടപാട് തുടങ്ങി നിരവധി വിഷയങ്ങൾ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. മയക്കുമരുന്ന് മാഫിയകളെ ഭീകരസംഘടനകളായി കണക്കാക്കും.
പനാമ കനാല്‍ തിരിച്ചെടുക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാന്‍ അമേരിക്ക തയ്യാറാകുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതുപോലെ കുട്ടികളിലെ ലിംഗമാറ്റം കുറ്റകരമാക്കുന്ന നിയമം പാസാക്കുമെന്നും യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി നടത്തിയ മാപ്പപേക്ഷ താന്‍ അംഗീകരിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് ആഭ്യന്തര വ്യവസായ മേഖലകളിൽ ഉർജ്ജസ്വലമാകുമെന്നും ട്രംപ് വ്യക്തമാക്കി.