തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പോലീസുകാരെ ആക്രമിച്ച വാർഡ് കൗൺസിലർക്കെതിരേ കേസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണനെതിരേയാണ് ഫോർട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വനിതാ സി.പി.ഒ. അശ്വനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സി.പി.ഒ. ജ്യോതിക്കും പരിക്കേറ്റു.
ശനിയാഴ്ച പതിനൊന്നരയോടെ ആറ്റുകാൽ പടിഞ്ഞാറേനടയിലാണ് സംഭവം ഉണ്ടായത്. ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ട സമയത്ത് തനിക്ക് വേണ്ടപ്പെട്ട ആളുകളെ വരിനിൽക്കാതെ കടത്തിവിടാൻ കൗൺസിലർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡി.വൈ.എഫ്.ഐ. നേതാവുകൂടിയായ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ പതിവായി ഇങ്ങനെ ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഇതിനു തയ്യാറാകാതെ വന്നതോടെ കൗൺസിലർ അസഭ്യം പറഞ്ഞ് തള്ളിക്കയറാൻ ശ്രമിച്ചു. അതുപോലെതന്നെ കാവൽ ഡ്യൂട്ടി നിന്നിരുന്ന വനിതാ പോലീസുകാരെയും കൗൺസിലർ അക്രമിച്ചുവെന്നും പരാതിയുണ്ട്.